തിരുവനന്തപുരം: റിപ്പോർട്ടർ ടിവിക്കെതിരേ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ചാനൽ ഉടമ ആന്റോ അഗസ്റ്റിൻ, കണ്‍സൾട്ടിംഗ് എഡിറ്റർ അരുണ്‍ കുമാർ, കോ-ഓർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, സുജയ പാർവതി, ന്യൂസ് കോ-ഓർഡിനേറ്റർ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി.വി. പ്രസാദ് എന്നിവരടക്കം ഒന്‍പതു പേർക്കെതിരേയാണു കേസ്.
രാജീവ് ചന്ദ്രശേഖറിനു ബന്ധമില്ലാത്ത ബിപിഎൽ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻകൂടിയായ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വ്യാജവാർത്തകൾ തുടർച്ചയായി സംപ്രേഷണം ചെയ്തു എന്നു കാട്ടിയാണു മുംബൈ ആസ്ഥാനമായ ആർഎച്ച്പി പാർട്ട്ണേഴ്സ് എന്ന നിയമസ്ഥാപനം മുഖേന നൂറു കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകിയത്.
ഏഴു ദിവസത്തിനുള്ളിൽ വാർത്ത പിൻവലിച്ച് മാപ്പു പറയണമെന്നും നോട്ടീസിലുണ്ട്. നേരത്തെതന്നെ തനിക്ക് കന്പനിയുമായും ഭൂമി ഇടപാടുമായും യാതൊരു ബന്ധവുമില്ല എന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു.